സംഘടനയും സ്വഭാവവും


ആമുഖം


മനുഷ്യന്റെ സ്വഭാവരൂപീകരണത്തിലെ നിര്‍ണായക ഘട്ടമാണ് കൗമാരം. ആ പ്രായത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞ് അവരുടെ മാനസിക - വൈകാരിക തലങ്ങളെ പരിഗണിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മക്ക് ഏറെ പ്രസക്തിയുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം കൗമാരക്കാരുടെ വളര്‍ച്ചക്കും സ്വഭാവ രൂപീകണത്തിനും മുഖ്യ പ്രാധാന്യം മുമ്പേ നല്കിയിട്ടുണ്ട്. ഏഴുവരെയുള്ള വിദ്യാര്‍ഥികളെ മലര്‍വാടി ബാലസംഘത്തിന്റെ കീഴില്‍ സമര്‍ഥമായി സംഘടിപ്പിക്കുകയും കേരളത്തിലെത്തന്നെ ശക്തമായ ബാലസംഘമായി അതിനെ മാറ്റിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി എസ് ഐ ഒ നേതൃത്വം നല്കുന്ന ടീന്‍സ് സര്‍ക്കിള്‍, ജി ഐ ഒ യുടെ ബാലികസംഘം എന്നിവയും ശ്രമകരമായ ദൗത്യങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള പ്രവര്‍ത്തനം പ്രാദേശിക തലത്തില്‍ ഏകോപിപ്പിക്കുകയും പ്രബലമാക്കുകയും ചെയ്യുക എന്ന മുഖ്യലക്ഷ്യമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന് ഒരു പുതിയ സംഘടന രൂപീകരിക്കുന്നതില്‍ പ്രചോദകമായിട്ടുള്ളത്. കേരളത്തിലെത്തന്നെ ഒരു സംഘടന ഇത്തരത്തില്‍ നടത്തുന്ന ആദ്യത്തെ ശ്രമമാണിത്. ഇസ്‌ലാമിക പ്രസ്ഥാനം ഈ പ്രവര്‍ത്തനകാലയളവില്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന കാല്‍വെപ്പില്‍ ഒന്നാണ് ഹൈസ്‌കൂള്‍ സംഘടന.
പേര് : ഈ സംഘടനയുടെ പേര് ടീന്‍ ഇന്ത്യ എന്നായിരിക്കും
ലക്ഷ്യം : ഇസ്്‌ലാമിന്റെ ആദര്‍ശ അടിത്തറയില്‍ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, ആത്മീയത, പൗരബോധം, മാനുഷികമൂല്യങ്ങള്‍, സര്‍ഗാത്മകത എന്നിവ പരിപോഷിപ്പിക്കുക, കുട്ടികളുടെ സഹജമായ ശേഷികളെ കണ്ടെത്തുക, അവ ഉപയോഗപ്പെടുത്തി സാമൂഹിക സേവനം, ദേശരക്ഷ, മതസൗഹാര്‍ദ്ദം എന്നിവ ശക്തിപ്പെടുത്തുക എന്നിവയാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍.
പ്രവര്‍ത്തനപരിധി - കേരള സംസ്ഥാനത്തിനു പുറമെ ഇതര സംസ്ഥാനങ്ങളിലെ മലയാളികള്‍ താമസിക്കുന്ന നഗരങ്ങള്‍ എന്നിവയാണ് ഈ സംഘടനയുടെ പ്രവര്‍ത്തന മേഖല. കോഴിക്കോട്ടെ ഹിറാ സെന്ററാണ് സംഘടനയുടെ കേന്ദ്ര ഓഫീസ്.
അംഗത്വം - എട്ടാം തരം മുതല്‍ പത്താതരം വരെ പഠിക്കുന്ന പഠിക്കുന്ന, ടീന്‍ ഇന്ത്യയുടെ നയനിലപാടുകള്‍ അംഗീകരിക്കുന്ന ഏതു വിദ്യാര്‍ഥിക്കും ടീന്‍ ഇന്ത്യയില്‍ അംഗത്വം നേടാം. പ്രാദേശിക രക്ഷാധികാരി യാണ് അംഗത്വം നല്കുക. അംഗത്വ ഫീസ്, വരിസംഖ്യ എന്നിവ ഇല്ല.

ഘടന

താഴെ നല്കിയ രീതിയിലായിരിക്കും ടീന്‍ ഇന്ത്യയുടെ സംഘാടനസ്വഭാവം
1. പ്രാദേശിക യൂണിറ്റുകള്‍ - പ്രാദേശികമായി മാത്രമാണ് ടീന്‍ ഇന്ത്യ സംഘടിപ്പിക്കേണ്ടത്. വിദ്യാലയങ്ങളില്‍ യൂണിറ്റുണ്ടാവുകയില്ല. ഒരു പ്രാദേശിക യൂണിറ്റിലെ അംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. കുട്ടികളില്‍ നിന്ന് ഒരു പ്രസിഡന്റും സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെടണം. ജൂണ്‍ മുതല്‍ മെയ് വരെ ഒരു വര്‍ഷമാണ് നേതൃകാലാവധി. കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു യൂണിറ്റ് കോ ഡിനേറ്ററുണ്ടായിരിക്കും. നിലവിലെ ബാലസംഘം കോഡിനേറ്റര്‍ തന്നെയായിരിക്കും ടീന്‍ ഇന്ത്യയുടെയും ചുമതല വഹിക്കേണ്ടത്. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഹല്‍ഖയാണ് ഈ കോഡിനേറ്ററെ നിശ്ചയിക്കേണ്ടത്. കോഡിനേറ്ററുടെ പ്രവര്‍ത്തന കാലയളവ് രണ്ടു വര്‍ഷമായിരിക്കും. പെണ്‍കുട്ടികളുടെ കോഡിനേറ്റര്‍ ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക വനിതാ ഹല്‍ഖ നിശ്ചയിക്കുന്ന പ്രവര്‍ത്തകയായിരിക്കും. പ്രാദേശിക വനിതാ പ്രവര്‍ത്തകര്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ സ്‌കൂള്‍/മദ്‌റസാ അധ്യാപികമാരെയോ അടുത്ത ഹല്‍ഖകളിലെ പ്രവര്‍ത്തകമാരെയോ ടീന്‍ ഇന്ത്യ പെണ്‍കുട്ടികളുടെ ചുമതല ഏല്‍പിക്കണം.
2. പ്രാദേശിക യോഗങ്ങള്‍ - മാസത്തില്‍ ഒരു തവണയെങ്കിലും പ്രാദേശിക യോഗം ചേര്‍ന്നിരിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക യോഗങ്ങളായിരിക്കും. പൊതുവായ പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ച് നടത്താവുന്നതാണ്. അതിന് ഹല്‍ഖാ നാളിമിന്റെ അനുവാദവും അറിവുമുണ്ടായിരിക്കണം. യോഗത്തിനുള്ള അജണ്ട കോഡിനേറ്റര്‍ക്ക് നിശ്ചയിക്കാം. യോഗം കുട്ടികള്‍ സ്വയം നടത്തണം. യൂണിറ്റ് യോഗങ്ങളില്‍ സംസ്ഥാന സമിതി നിശ്ചയിക്കുന്ന പ്രത്യേക പഠന - പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും വേണം.
3. ഏരിയാ സമിതി - യൂണിറ്റ് കോഡിനേറ്റര്‍മാരുടെ കൂട്ടായ്മയാണ് ടീന്‍ ഇന്ത്യ ഏരിയാ സമിതി. മലര്‍വാടി ബാലസംഘത്തിന്റെ ഏരിയാ സമിതിതന്നെയായിരിക്കും അത്. മലര്‍വാടി ഏരിയാ കോഡിനേറ്റര്‍ തന്നെയായിരിക്കും ടീന്‍ ഇന്ത്യയുടെ ഏരിയാ കോഡിനേറ്ററും. ടീന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായി ഏരിയാ തലത്തില്‍ അസി - കോഡിനേറ്ററെ നിശ്ചയിക്കാം. ജില്ലാ സമിതിയും സംസ്ഥാന സമിതിയും നിര്‍ദേശിക്കുന്ന പരിപാടികള്‍ നടപ്പിലാക്കാന്‍ മേല്‍നോട്ടം വഹിക്കുക, ഏരിയാതല പരിപാടികള്‍ ആവിഷ്‌കരിക്കുക, പ്രാദേശിക പരിപാടികള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഏരിയാ കമ്മറ്റിയുടെ ചുമതലകള്‍. പ്രാദേശിക വനിതാ കോഡിനേറ്റര്‍മാര്‍ ഏരിയാ സമിതികളില്‍ പങ്കെടുണം.
4. കുട്ടികളുടെ ഏരിയാ സമിതി - യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരായ കുട്ടികളുടെ ഏരിയാ സമിതിയും സമാന്തരമായി ഉണ്ടാകും. കുട്ടികളില്‍ നിന്ന് ഏരിയാ പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കണം. ഇത് വര്‍ഷത്തില്‍ രണ്ടുതവണ മാത്രമേ ചേരേണ്ടതുള്ളൂ. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം സംഘടിപ്പിക്കണം. ഓരോ ആറു മാസവും യൂണിറ്റില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും പുതിയ പ്രവര്‍ത്തനങ്ങളുടെ ആവിഷ്‌കാരവുമാണ് കുട്ടികളുടെ ഏരിയാ സമിതികളില്‍ നടക്കേണ്ടത്. നേതൃപരിശീലന പരിപാടികളും നടത്താം.
5. ജില്ലാ സമിതി - ഏരിയാ കണ്‍വീനര്‍മാരുടെ കൂട്ടായ്മയാണ് ജില്ലാ സമിതി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി നിശ്ചയിക്കുന്ന മലര്‍വാടി ജില്ലാ കോഡിനേറ്റര്‍ തന്നെയായിരിക്കും ടീന്‍സ് ജില്ലാ കോഡിനേറ്റര്‍. ജില്ലാതലത്തില്‍ ടീന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായി ജില്ലാ അസി - കോഡിനേറ്ററെ നിശ്ചയിക്കാം. സംസ്ഥാനം നിര്‍ദേശിക്കുന്ന പരിപാടികള്‍ ഏരിയകള്‍ക്ക് നല്കുക, ഏരിയാ പരിപാടികളും പ്രാദേശിക പരിപാടികളും അവലോകനം ചെയ്യുക, ജില്ലാതല പരിപാടികള്‍ ആവിഷ്‌കരിക്കുക എന്നിവയാണ് ജില്ലാ സമിതിയുടെ ഉത്തരവാദിത്വങ്ങള്‍. വനിതാ കോഡിനേറ്റര്‍മാര്‍ക്ക് ജില്ലാസമിതിയുണ്ടായിരിക്കുന്നതല്ല.
6. കുട്ടികളുടെ ഏരിയാ സമിതികളിലെ പ്രസിഡന്റ് സെക്രട്ടറിമാരെ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ ജില്ലാസമിതി രൂപീകരിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ ഇത് ചേരേണ്ടതുള്ളൂ. പ്രവര്‍ത്തനങ്ങളുടെ അവലോകനവും യോഗ നടപടികള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ പരിശീലനവുമാണ് ഈ സമിതയോഗത്തില്‍ നടക്കേണ്ടത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് സംഘടിപ്പിക്കാവുന്നതാണ്. കുട്ടികളുടെ ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. മലര്‍വാടി ബാലസംഘത്തിന്റെയും ടീന്‍ ഇന്ത്യയുടെയും പ്രധാന പരിപാടികളില്‍ ഈ പ്രസിഡന്റിനെ പങ്കെടുപ്പിക്കണം.
7. സംസ്ഥാന സമിതി - മലര്‍വാടി ബാലസംഘത്തിന്റെ സംസ്ഥാന സമിതിതന്നെയായിരിക്കും ടീന്‍ ഇന്ത്യയുടെയും സംസ്ഥാന സമിതി. സംസ്ഥാന കോഡിനേറ്റര്‍ക്കും മാറ്റമുണ്ടാവുകയില്ല. ടീന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി സംസ്ഥാന സമിതിയില്‍ പ്രത്യേക സബ്കമ്മറ്റിയുണ്ടായിരിക്കും.

നയവും പ്രവര്‍ത്തന രൂപരേഖയും

കൗമാര പ്രായത്തിന്റെ ആദ്യഘട്ടമാണ് ഹൈസ്‌കൂള്‍ പഠനകാലം. ആ പ്രായത്തിലുള്ള കുട്ടികളെ പ്രശ്‌നക്കാരായി കാണാതെ അവരുടെ കഴിവുകളെ കണക്കിലെടുത്തുകൊണ്ടാണ് അവരുമായി ഇടപഴകേണ്ടത്. ഉപദേശത്തിന് വഴങ്ങാത്ത ഈ കാലത്ത് കൗമാരക്കാരുടെ സഹജമായ ശേഷികളെ പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സുനിശ്ചിതവും ആസൂത്രിതവും ആവേശകരവുമായ പരിപാടികളാണ് രൂപീകരിക്കേണ്ടത്. അവരെ നാളത്തേക്കുള്ള വിഭവങ്ങളായി കാണാതെ ഇന്നത്തെ പൗരന്‍മാരായാണ് പരിഗണിക്കേണ്ടത്. അതിലേക്ക് നയിക്കുന്ന വിധം താഴെ പറയുന്ന പ്രവര്‍ത്തന പരിപാടികള്‍ സംഘടന ആവിഷ്‌കരിക്കുന്നതാണ്.
1. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ധാര്‍മിക - സദാചാര ബോധം വളര്‍ത്തുക. കുറ്റകൃത്യങ്ങളില്‍ നിന്ന് തടയുക. കൗമാരപ്രായത്തിന്റെ ശാരീകമായ അധികശേഷിയെ ക്രിയാത്മകമായ വ്യവഹാരങ്ങളില്‍ പ്രയോജനപ്പെടുത്തുക.
2.സംഘടനാ മെമ്പര്‍മാരുടെ ചിന്താപരവും സര്‍ഗാത്മകവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മത്സരബുദ്ധി, സംഘബോധം, ആവേശം, വീരാരാധന എന്നിവയെ ഗുണാത്മകമായി പരിവര്‍ത്തിപ്പിക്കുക. വായന, രചന എന്നിവക്ക് പരിശീലനവും പ്രോത്സാഹനവും നല്കുക.
3. കൗമാരത്തിലെ പ്രതിസന്ധികളെ അതിജയിക്കാനുള്ള വിശ്വാസപരവും മാനസികവുമായ പക്വത, ത്യാഗപരിശ്രമങ്ങള്‍ക്കുള്ള സന്നദ്ധത, ഉള്‍ക്കൊള്ളാനുള്ള വിശാലത, നിരാകരിക്കാനുള്ള ധീരത എന്നിവ പരിപോഷിപ്പിക്കുക.
4. ഇസ്്‌ലാമിനെയും ഇസ്്‌ലാമിക പ്രസ്ഥാനത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസ്സിലാക്കുക, ആരാധനാ കാര്യങ്ങളിലെ നിഷ്ഠ, സ്വഭാവ ഗുണങ്ങള്‍, പെരുമാറ്റ മര്യാദകള്‍ എന്നിവ രൂപപ്പെടുത്തുക.
5. സാമൂഹിക സേവന മേഖലയില്‍ താല്പര്യവും കഴിവും സന്നദ്ധതയും വളര്‍ത്തുക.
6. പൊതുവിദ്യാഭ്യാസ പുരോഗതിയില്‍ പങ്കാളികളാക്കുക. തുടര്‍ പഠനം, തൊഴില്‍ ലക്ഷ്യം എന്നിവയില്‍ മാര്‍ഗനിര്‍ദേശം നല്കുക. അതോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തെയും ജ്ഞാനത്തെയും വിമര്‍ശനാത്മകമായി സമീപിക്കാനുള്ള ശേഷിവളര്‍ത്തുക.
7. ദേശസ്‌നേഹം, മതസൗഹാര്‍ദ്ദം, പൗരബോധം എന്നിവ രൂപപ്പെടുത്തുക. തീവ്രവാദം, ഭീകരവാദം, വര്‍ഗീയത, അക്രമം തുടങ്ങിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയുക.
8. സാമ്രാജ്യത്വം, ആഗോളവല്കരണം, വിപണി എന്നിവയുടെ ആഭ്യന്തരവും ബാഹ്യവുമായ സ്വാധീനങ്ങളില്‍നിന്ന് തടയുക. അവക്കെതിരെ സാംസ്‌കാരികമായ പ്രതിരോധം സൃഷ്ടിക്കുവാനുള്ള ബോധം വളര്‍ത്തുക.
9. പരിസ്ഥിതി പരിപാലനം, ശുചിത്വം, വിഭവസംരക്ഷണം എന്നിവയില്‍ ബോധവല്‍ക്കരണം നടത്തുക.
10. കുട്ടികളെ പൊതുവെയും കൗമാരപ്രായക്കാരെ പ്രത്യേകമായും കൈകാര്യം ചെയ്യുന്നതില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, പൊതു നേതാക്കള്‍, കോഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക.

പ്രോഗ്രാം


മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പരിഗണിച്ച് ഓരോ രണ്ടുവര്‍ഷത്തിലും നടത്തേണ്ട പരിപാടികള്‍ക്ക് സംസ്ഥാന സമിതി രൂപംനല്കും. അതിനെ വാര്‍ഷിക പരിപാടിയായി വിഭജിച്ച് ഏകവര്‍ഷ പരിപാടികളായാണ് വിശദരൂപം നല്കുക. ഓരോ മൂന്നു മാസത്തിലും പ്രത്യേകം പരിപാടികള്‍ നിശ്ചയിച്ച് നല്കും. പ്രധാന പരിപാടികള്‍ക്ക് സംസ്ഥാന സമിതി നിശ്ചയിക്കുന്ന ഒരംഗത്തിന്റെ മേല്‍നോട്ടമുണ്ടായിരിക്കും. ജില്ലകളും ഏരിയകളും പ്രത്യേകം പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. പ്രാദേശികമായി സ്വയം ആവിഷ്‌കരിക്കുന്ന പരിപാടികള്‍ നടത്താന്‍ കൂടുതല്‍ അവസരങ്ങളും സ്വാതന്ത്ര്യവും നല്കും.